07:28pm 02 August 2026
NEWS
തമിഴ്നാട് മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ച കർണാടക മുഖ്യമന്ത്രി റദ്ദാക്കി; കാവേരിച്ചൂടിൽ 'ജനനായകനും'
01/08/2026  11:20 AM IST
വിഷ്ണുമംഗലം കുമാർ
തമിഴ്നാട് മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ച കർണാടക മുഖ്യമന്ത്രി റദ്ദാക്കി; കാവേരിച്ചൂടിൽ ജനനായകനും

 ബംഗളുരു: മേക്കെദാട്ട് പദ്ധതിയുമായി ബന്ധപ്പെട്ട് കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാറുമായി കൂടിക്കാഴ്ച നടത്താൻ തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ് സൗകര്യം ചോദിച്ചിരുന്നു. ഈ മാസം മൂന്നിന് കാണാമെന്നാണ് ഡി കെ യുടെ ഓഫീസ് വിജയിന്റെ ഓഫിസിനെ അറിയിച്ചിരുന്നത്. അതിനിടയിലാണ് കാവേരിയ്ക്ക് തീപിടിച്ചത്. തമിഴ്നാടിന് ജൂലൈ 29 മുതൽ പതിനഞ്ചു ദിവസത്തേക്ക് ദിവസേന 3500 ക്യുസെക്സ് എന്ന കണക്കിൽ കാവേരിവെള്ളം വിട്ടുകൊടുക്കണമെന്നുള്ള സി ഡബ്ലൂ എം എ യുടെ ഉത്തരവ് കർണാടകത്തിലുടനീളം പ്രതിഷേധം പൊട്ടിപ്പുറപ്പെടാൻ കാരണമായത്. ജലം ഇതുവരെ വിട്ടുനൽകിയിട്ടില്ലെങ്കിലും കാവേരി തിളച്ചുമറിയുകയാണ്. മറ്റെന്നാൾ കർണാടകം സർവകക്ഷി യോഗം വിളിച്ചിട്ടുണ്ട്. ഈ മാസം പതിമൂന്നിന് സംസ്ഥാന ബന്ദിന് ആഹ്വാനം ചെയ്തിരിക്കുകയാണ് കന്നഡസംഘങ്ങൾ. കർണാടകവും തമിഴ്നാടും തമ്മിൽ കടുത്ത സംഘർഷത്തിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്. വിജയിനെ ബംഗളുരു എയർപോർട്ടിൽ നിന്ന് പുറത്തിറങ്ങാൻ അനുവദിക്കില്ലെന്ന് കന്നഡ സംഘങ്ങൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്."അന്തരീക്ഷം മോശമാണ്, ഈ സാഹചര്യത്തിൽ കൂടിക്കാഴ്ച സാധ്യമല്ല, നമുക്ക് മറ്റൊരാവസരത്തിൽ കാണാം" എന്ന് വിജയിനെ അറിയിച്ചിരിക്കുകയാണ് ഡി കെ. വിജയിന് ധാരാളം ആരാധകരുള്ള സംസ്ഥാനമാണ് കർണാടകം. വിജയ് ഫാൻസ്‌ അസോസിയേഷൻ ബംഗളുരു പോലുള്ള നഗരങ്ങളിൽ സജീവമായി പ്രവർത്തിക്കുന്നുണ്ട്. കന്നഡ സംഘങ്ങളുടെ പ്രതിഷേധം ഭയന്ന് വിജയിന്റെ വിരമിക്കൽ ചിത്രമായ ജനനായകൻ തീയേറ്ററുകളിൽ നിന്ന് പിൻവലിച്ചിരിക്കുകയാണ്. മന്ധ്യയിലെ ഒരു തിയേറ്ററിൽ പ്രതിഷേധാക്കാരെത്തി സിനിമയുടെ പ്രദർശനം നിർത്തിവെപ്പിച്ചിരുന്നു. ബംഗളുരുവിലും മറ്റും അനേകലക്ഷം തമിഴർ അധിവസിക്കുന്നുണ്ട്. മുമ്പ് പലപ്പോഴും കാവേരിപ്രശ്നം കന്നഡിഗർ തമിഴർക്കെതിരെ തിരിയാൻ കാരണമാവുകയും അത് വ്യാപകമായ നാശനഷ്ടങ്ങൾ ഉണ്ടാക്കുകയും ചെയ്തിരുന്നു. അത്തരം ഒരു ദുരവസ്ഥ വീണ്ടും സംജാതമാകുമോ എന്ന് കർണാടകത്തിലെ തമിഴ്നാട്ടുകാർ ഭയപ്പെടുന്നുണ്ട്. അതിന്റെ തിരിച്ചടി തമിഴ്നാട്ടിലും ഉണ്ടാവും. ധാരാളം കന്നഡിഗർ ചെന്നൈയിലും മറ്റും താമസിക്കുന്നുണ്ട്. കന്നഡിഗരും തമിഴരും തമ്മിലുള്ള സൗഹൃദത്തിന് ഉലച്ചിൽ തട്ടുന്ന സാഹചര്യമാണ് ഉരുത്തിരിയുന്നത്. സി ഡബ്ലൂ എം എയുടെയും സിഡബ്ലൂ ആർ സി യുടെയും അംഗങ്ങൾ കർണാടകത്തിലെയും തമിഴ്നാട്ടിലെയും കാവേരി നദീതട പ്രദേശങ്ങൾ സന്ദർശിക്കണമെന്ന് കേന്ദ്രമന്ത്രിയും മുൻ കർണാടക മുഖ്യമന്ത്രിയുമായ കുമാരസ്വാമി ആവശ്യപ്പെട്ടു. "  ഡൽഹിയിലെ എയർ കണ്ടീഷൻഡ് മുറികളിലിരുന്ന് തീരുമാമെടുത്താൽ പോരാ. ഫീൽഡിലിറങ്ങി കാര്യങ്ങൾ വസ്തുനിഷ്ഠമായി മനസ്സിലാക്കണം. കർണാടകത്തിലെ യഥാർത്ഥ അവസ്ഥ ബോധ്യപ്പെട്ടാൽ തമിഴ്നാടിന് വെള്ളം വിട്ടുകൊടുക്കാനുള്ള തീരുമാനം കൈക്കൊള്ളാൻ സാധിക്കുമായിരുന്നില്ല" കുമാരസ്വാമി വിശദീകരിച്ചു. കാവേരിവെള്ളം വിട്ടുകൊടുക്കുന്നതുമായി ബന്ധപ്പെട്ട സംഘർഷാവസ്ഥ കർണാടകത്തിൽ ശക്തിപ്പെടുകയാണ്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
LATEST NEWS
img